കൊല്ലം: പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായിട്ടുള്ളവർക്കെതിരെ നടപടി. പ്രോസിക്യുഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീലിനെയും പരവൂർ ജെ എഫ് എം കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടർ ശ്യാം കൃഷ്ണനെയും സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സംഭവത്തിൽ പരവൂർ മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ജോലി ചെയ്യാൻ അനുവദിക്കാത്ത തരത്തിൽ മാനസികമായി പീഡനം അനുഭവിക്കുന്നുണ്ടെന്ന് പരവൂർ മജിസ്ട്രേറ്റിന് അനീഷ്യ മൊബൈൽ സന്ദേശം അയച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനാണ് മജിസ്ട്രേറ്റിന്റെ മൊഴിയെടുക്കുന്നത്.
ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് അനീഷ്യയെ കണ്ടെത്തിയത്. 9 വർഷമായി പരവൂർ കോടതിയിൽ എപിപിയായി ജോലി ചെയ്തു വരികയായിരുന്നു അനീഷ്യ. സമൂഹമാദ്ധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പ് സ്റ്റാറ്റസ് ഇട്ടതിനു ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവം നടന്നിട്ട് 11 ദിവസം ആയെങ്കിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അനീഷ്യയുടെ കുടുംബം രംഗത്ത് വന്നിരുന്നു.















