ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്പദാ യോജന പ്രകാരം 38 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി സീതാരാമൻ. 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളുടെ വളർച്ചയ്‌ക്ക് പദ്ധതി സഹായകമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2024-ലെ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
അത്യാധുനിക സൗകര്യങ്ങളിലൂടെ കർഷകരിൽ നിന്നും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കാർഷിക ഉത്പന്നങ്ങൾ എത്തിക്കുന്നതിനും ഉത്പന്ന കൈമാറ്റം സുഗമമാക്കുന്നതിനും പദ്ധതി ഗുണം ചെയ്തു. കാർഷിക മേഖലയുടെ മൂല്യവർദ്ധനവിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പിഎം കിസാൻ സമ്പദാ യോജനയിലൂടെ 38 ലക്ഷം കർഷകർ ഗുണഭോക്താക്കളാവുകയും കാർഷിക മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കാർഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്‌ക്കുന്നതിനും ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ ഇനിയും നടപ്പിലാക്കും.
പിഎം-കിസാൻ സമ്മാൻ യോജനയ്‌ക്ക് കീഴിൽ ചെറുകിട കർഷകരുൾപ്പെടെ 11.8 കോടി ഉപഭോക്താക്കൾക്ക് പ്രതിവർഷം നേരിട്ട് സാമ്പത്തിക സഹായം നൽകും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകും. 80 കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ വിതരണം ചെയ്യും. വിളവെടുപ്പിന് ശേഷം നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സർക്കാർ പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.