ലക്നൗ: ജ്ഞാൻവാപിയിൽ എല്ലാ ദിവസവും അഞ്ച് തവണ ആരതി നടത്താമെന്ന് ജ്ഞാൻവാപി കേസിൽ ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചു. ദിവസവും അഞ്ച് തവണ ആരതി, പുലർച്ചെ 3.30-ന് മംഗളപൂജയും, ഉച്ചയ്‌ക്ക് 12 മണിക്ക് ഭോഗ് പൂജയും നടത്തും. വൈകുന്നേരം നാല് മണിക്കും, ഏഴ് മണിക്കും പ്രത്യേക പൂജകളും നടക്കും.
ജ്ഞാൻവാപിയിൽ 31 വർഷത്തിന് ശേഷം ഇന്ന് പൂജ നടത്തിയിരുന്നു. വാരാണസി ജില്ല മജിസ്ട്രേറ്റ് എസ് രാജലിംഗവും കമ്മിഷണർ അശോക് മുത്തയും ചേർന്നാണ് പൂജയ്‌ക്ക് മേൽനോട്ടം വഹിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുലർച്ചെ 3.30-നാണ് ആദ്യ പൂജ നടത്തിയത്. പൂജയുടെ ഭാഗമായി ജ്ഞാൻവാപി പരിസരത്ത് കർശന സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. അഭിഭാഷകനായ വിഷ്ണു ജയിൻ ശങ്കറാണ് പൂജകളുടെ വീഡിയോ പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകികൊണ്ട് വാരാണസി ജില്ലാ കോടതി ഉത്തരവിറക്കിയത്. പൂജ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഏഴ് ദിവസത്തിനകം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.