ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് സ്വാഗതം അർഹിക്കുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ഇടക്കാല ബജറ്റ് പ്രശംസനീയമാണെന്നും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് ഇടക്കാല ബജറ്റ് സഹായകമാണ്. പാവപ്പെട്ടവർക്കായുള്ള പ്രത്യേക ഭവന പദ്ധതിയിലൂടെ വാടക വീടുകളിലും തെരുവിലും താമസിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. എംജിഎൻആർഇജിഎ ബജറ്റ് വർദ്ധനവ് ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി, കർഷകർക്കായുള്ള ആനുകൂല്യങ്ങൾ എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു. സ്റ്റാർട്ടപ്പുകളുടെ നികുതി ഇളവ് വ്യാവസായിക വികസന പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്നും യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിനുള്ള വായ്പാ തുക വർദ്ധിപ്പിച്ചതും മൂന്ന് റെയിൽവേ പദ്ധതികളുടെ തുടക്കവും ഉൾപ്പെടെ ഇടക്കാല ബജറ്റിലെ നിരവധി നടപടികളെ നിതീഷ് കുമാർ പ്രശംസിച്ചു. റെയിൽവേ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വികസനം അതിവേഗം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.















