ലക്‌നൗ: ജ്ഞാൻവാപിയിൽ ഹൈന്ദവർക്ക് പൂജ നടത്താം. പൂജ നടത്തുന്നത് തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹബാദ് കോടതി അംഗീകരിച്ചില്ല. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ മാറ്റം വരുത്തിയതിന് ശേഷം വീണ്ടും സമീപിക്കാമെന്നും ഫെബ്രുവരി ആറിന് ഹർജി വീണ്ടും പരിഗണിക്കാമെന്നും അലഹബാദ് കോടതി അറിയിച്ചു. ക്രമസമാധനം നിലനിർത്താൻ ജ്ഞാൻവാപിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തണമെന്നും അഡ്വക്കേറ്റ് ജനറലിന് കോടതി നിർദ്ദേശം നൽകി. ഇതിനിടെ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നും ക്ഷേത്രത്തിൽ ഹൈന്ദവർ പൂജ നടത്തി.
ജഡ്ജി രോഹിത്ത് രജ്ഞൻ അഗാർവാളിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈന്ദവർക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് പരിഗണിക്കേണ്ടത് അലഹബാദ് ഹൈക്കോടതിയാണെന്ന് പറഞ്ഞ് സുപ്രീംകോടതി ഹർജി സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.















