ന്യൂഡൽഹി: എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ഒരു ഹർജിയില്‍ ഇടപെട്ടാൽ സമാനമായ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിനു തൊട്ടുപിന്നാലെ ഝാർഖണ്ഡ് മുക്തി മോർച്ച ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെ ഹേമന്ത് സോറൻ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇഡി തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഹേമന്ത് സോറന്റെ ഹർജി പരിശോധിച്ച സുപ്രീം കോടതി, ഇത് പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിധിയിൽ നിൽക്കുന്ന വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. അഭിഭാഷകൻ കപിൽ സിബലാണ് ഹേമന്ത് സോറനു വേണ്ടി കോടതിയിൽ ഹാജരായത്.