മലയാളികളുടെ പ്രിയതാരം പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ കന്നഡ നടനായ രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം സോഫിയാ പോളാണ് നിർമ്മിക്കുന്നത്. മലയാള സിനിമയിലേക്ക് വീണ്ടും സാന്നിധ്യമറിയിച്ച രാജ് ബി ഷെട്ടിയെ സോഫിയാ പോൾ പുഷ്പഹാരം നൽകി സ്വീകരിച്ചു. കാന്താര, ചാർലി 777, ടോബി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് രാജ് ബി ഷെട്ടി.
പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഓണം റിലീസായാണ് ചിത്രമൊരുങ്ങുന്നത്. കൊല്ലത്താണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.