ഇസ്ലാമാബാദ്: പാകിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. കമ്മീഷൻ ഓഫീസിന് സമീപത്തായി ഒരു ബാഗിനുള്ളിലാണ് സ്ഫോടക വസ്തുക്കൾ വച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് അപകടം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനയും നടത്തി.
ഏകദേശം 400 ഗ്രാം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് പറഞ്ഞു. ഫെബ്രുവരി 8-നാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്‌ഫോടനം നടന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഇടങ്ങളിൽ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. സുരക്ഷ പൂർണമായി ഒരുക്കി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.















