തിരുപ്പതി (ആന്ധ്രപ്രദേശ്): തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ശ്രീവാരി സേവ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കാട്ടി ക്ഷേത്ര ഭരണസമിതിയെ സമീപിച്ച് മുസ്ലീം ഭക്തൻ. ശ്രീവാരി സേവ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് നായിഡുപേട്ടയിൽ നിന്നുള്ള മുസ്ലീം ഭക്തനായ ഹുസൈൻ ബാഷയാണ് അപേക്ഷ നൽകിയത്.
തിരുമലയിൽ സ്വമേധയാ സേവനം ചെയ്യുന്നതിനു മുസ്ലീം ഭക്തൻ സമർപ്പിച്ച അപേക്ഷയുടെ സാധ്യത ക്ഷേത്ര ഭരണ സമിതി പരിശോധിക്കുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വെള്ളിയാഴ്ച അറിയിച്ചു.
മറ്റ് മതവിശ്വാസികളാണെങ്കിലും ശ്രീ വെങ്കിടേശ്വരഭക്തരുടെ സമർപ്പണ മനോഭാവം അറിയുന്നതിൽ സന്തോഷമുണ്ടെന്നും അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) എവി ധർമ്മ റെഡ്ഡി പത്രക്കുറിപ്പിൽ പറഞ്ഞു. തന്റെ അപേക്ഷയുടെ സാധ്യത പരിശോധിക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഹുസൈൻ ബാഷയ്‌ക്ക് ഉറപ്പ് നൽകി.
തിരുമലയിലും തിരുപ്പതിയിലും രാജ്യത്തിന്റെയും ലോകത്തിന്റെയും വിദൂര ഭാഗങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭക്തർ നടത്തുന്ന ഒരു സന്നദ്ധ സേവനമാണ് 2000-ൽ ആരംഭിച്ച ശ്രീവാരി സേവ.
തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ക്ഷേത്രങ്ങൾ, ക്യൂ കോംപ്ലക്‌സ്, പൂന്തോട്ടം, അന്നദാന കൗണ്ടർ, കാൻ്റീൻ, ലഡ്ഡു കൗണ്ടർ, ഹുണ്ടി എണ്ണൽ, ആരോഗ്യ ക്ലിനിക്കുകൾ, വിജിലൻസ് വകുപ്പ്, കല്യാണമണ്ഡപം , പുസ്തക വില്പന കേന്ദ്രം , നാളികേരം വിൽപന കേന്ദ്രം, ഹെൽപ്പ് ഡെസ്‌ക്, നവനീത സേവ തുടങ്ങിയ ടിടിഡിയുടെ 60-ലധികം മേഖലകളിൽ ശ്രീവാരി സേവകർക്ക് ജോലി ലഭിക്കും. ഭക്തർ ഏറെ പുണ്യമെന്നു കരുതുന്ന ഒരു വഴിപാടാണ് ഇത്.
മേൽപ്പറഞ്ഞ സന്നദ്ധ സേവനങ്ങൾ ചെയ്യാൻ തയ്യാറുള്ള ഭക്തർ അവരുടെ സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്ത് അതത് തീയതികളിൽ തിരുമലയിൽ എത്തിയാണ് സേവനം ചെയ്യുന്നത്.















