ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽ നിന്നും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടന്നു. മാലദ്വീപിൽ നിന്നും രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിക്കുന്നത് തുടരുമെന്ന് യോഗത്തിന് ശേഷം പ്രസ്താവനയിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും ഉന്നതതല പ്രതിനിധികൾ തമ്മിലുള്ള രണ്ടാംഘട്ട ചർച്ചയാണ് നടന്നത്. ആദ്യ ഘട്ടം ജനുവരി 14-നായിരുന്നു നടന്നത്. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിലാണ് ചർച്ച നടന്നത്.
88 പേരടങ്ങുന്ന ഇന്ത്യൻ സൈന്യമാണ് മാലദ്വീപിലുള്ളത്. രാജ്യത്ത് വിദേശ സൈന്യമില്ലെന്ന് ഉറപ്പ് വരുത്താനാണ് തീരുമാനമെന്നാണ് മാലദ്വീപ് സർക്കാരിന്റെ വാദം. ഇന്ത്യൻ സൈനികർ മെയ് 10-ഓടെ രാജ്യത്ത് നിന്നും മടങ്ങുമെന്നാണ് ഉന്നത തല യോഗത്തിന് ശേഷം പുറത്തിറക്കിയ മാലദ്വീപിന്റെ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ,സൈനിക പിന്മാറ്റത്തെക്കുറിച്ച് ഇന്ത്യ പ്രസ്താവനയിൽ പറയുന്നില്ല. കോർ ഗ്രൂപ്പിന്റെ അടുത്ത യോഗം മാലദ്വീപിലായിരിക്കും നടക്കുന്നത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിന് പിന്നാലെയാണ് സൈന്യത്തെ പിൻവലിക്കാനുള്ള യോഗങ്ങളും നടപടികളും ആരംഭിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മുയിസുവിന്റെ ആദ്യ ചൈന സന്ദർശനമാണ് കഴിഞ്ഞ മാസം നടന്നത്. പ്രസിഡന്റ് ആയതിന് പിന്നാലെ മുയിസുവിന്റെ ഇന്ത്യാ വിരുദ്ധതയും ചൈനയോടുള്ള താത്പര്യവും പ്രകടമാക്കുന്ന തരത്തിലാണ് നടപടികൾ.















