ന്യൂഡൽഹി: ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി. ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതി ലഭിച്ച മുതിർന്ന നേതാവിനെ നേരിട്ട് കണ്ട് പ്രശംസിക്കുന്നതിനായി നിരവധി പേരാണ് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്. ഇവിടെയെത്തിയ മാദ്ധ്യമപ്രവർത്തകർ അടക്കമുള്ള എല്ലാവരെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
മകൾ പ്രതിഭ അദ്വാനിക്കൊപ്പമാണ് അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുതിർന്ന നേതാവിന് ഭാരതരത്ന പുരസ്കാരം എക്സിലൂടെ പ്രഖ്യാപിച്ചത്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽകെ അദ്വാനിയെന്നും ഭാരതരത്‌നം നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
കഷ്ടതകളും പ്രയത്നവും നിറഞ്ഞ അദ്വാനിയുടെ യാത്ര എക്കാലവും നമ്മുക്ക് പ്രചോദനകരമാണ്. പ്രയത്നവും ദിശാബോധവും മുതൽക്കൂട്ടാക്കി രാഷ്‌ട്രനിർമ്മാണത്തിനായി അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ദേശീയ രാഷ്‌ട്രീയത്തിന് അദ്ദേഹം നൽകിയ സമ്പന്നമായ സംഭാവനകൾ രാജ്യം എന്നും സ്മരണയിൽ സൂക്ഷിക്കുന്നു. അദ്വാനിയുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുനർനിർമ്മാണത്തിൽ അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചിരുന്നു.















