ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിച്ചതിൽ ഉപമുഖ്യമന്ത്രി ലാൽ കൃഷ്ണാ അദ്വാനിയെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം സന്തോഷം അറിയിച്ചത്.
ഭാരതരത്‌ന ലഭിച്ചതിൽ നേരിട്ട് അഭിനന്ദിക്കാനാണ് താൻ എൽ.കെ. അദ്വാനിയെ കണ്ടത്. രാജ്യത്തുടനീളമുള്ള ജനങ്ങൾ ഈ തീരുമാനത്തിൽ അങ്ങേയറ്റം സന്തുഷ്ടരാണ്. ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി, നാനാജി ദേശ്മുഖ്, എൽ.കെ അദ്വാനി എന്നിവരോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മുരളി മനോഹർ ജോഷി പറഞ്ഞു.
96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മുൻ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് അദ്വാനിയെ വിവരം അറിയിച്ചത്. പിന്നാലെ എക്‌സിലും പ്രധാനമന്ത്രി സന്തോഷവാർത്ത പങ്കുവച്ചു. ഉപപ്രധാനമന്ത്രിയെന്ന നിലയിലും വാജ്‌പേയി മന്ത്രിസഭയിൽ ആഭ്യന്തരം, ഖനി വകുപ്പുകളിലും അദ്വാനി മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി മാർഗദർശൻ മണ്ഡൽ അംഗമാണ് നിലവിൽ അദ്ദേഹം.















