തിരുവനന്തപുരം: മാനന്തവാടിയിൽ ഇന്നലെ മയക്കുവെടിയേറ്റ തണ്ണീർക്കൊമ്പനെ കർണാടക വനംവകുപ്പിന് കൈമാറിയ ശേഷം ചരിഞ്ഞ സംഭവത്തിൽ ഉന്നത സമിതി രൂപീകരിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ വിജയാനന്ദൻ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്.
ഇൻസ്പെക്ഷൻ ആന്റ് ഇവാല്യുവേഷൻ- ഫോറസ്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ ഡോ.ആർ രാജ്, വന്യജീവി വനം സംരക്ഷണ എൻജിഒ പ്രവർത്തകൻ ഡോ.റോഷ്നാഥ് രമേഷ്, നിയമവിദഗ്ധൻ എൽ നമശ്ശിവായൻ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട മറ്റംഗങ്ങൾ.
അതേസമയം തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നത്. വാഹനത്തിൽ നിന്നും കെട്ടഴിക്കവെയാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തതും ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞതും പ്രതികൂലമായി ബാധിച്ചു. താങ്ങാനാകാത്ത സമ്മർദ്ദമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് വനംവകുപ്പ് പറയുന്നു.















