നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും നാളെ ഫെബ്രുവരി 4ന്. രാവിലെ 8.30 മുതൽ ഗുരുദേവഗിരിയിലെ ഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനത്തിന് വെക്കും. ശിവഗിരിമഠം സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വൈകീട്ട് 4 വരെ ഭക്തർക്ക് ദിവ്യദന്ത ദർശനത്തിന് സൗകര്യമുണ്ടാകും.
10ന് നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങൾ, നാദസ്വരം, ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. ഗുരുദേവഗിരിയിൽ എത്തിച്ചേരുന്നതോടെ മഹാഗുരുപൂജ ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന മഹാപ്രസാദം.
ഒരു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അദ്ധ്യക്ഷനാകും. യു.എസ് നേവി ഇൻസ്റ്റിറ്റ്യുട്ട് മുൻ ഗവേഷകൻ പ്രൊഫസ്സർ ബ്രൂസ് റസ്സൽ മുഖ്യാതിഥിയാകും. സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. വ്യവസായി വി.ജി. പ്രേം, ശിവദാസൻ മാധവൻ ചാന്നാർ, ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വി.കെ. മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളാകും. വൈകുന്നേരം 7.15 മുതൽ ശിങ്കാരിമേളം. തുടർന്ന് മംഗളപൂജയ്‌ക്കുശേഷം കൊടിയിറക്കും.