തൃശൂർ: ശ്രീകുമാരൻ തമ്പിയുടെ വരികൾ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. നിലവിൽ മൂന്ന് പേരുടെ വരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതിന് സംഗീതം നൽകിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
സർക്കാരിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് തീരുമാനമെടുക്കുന്നത്. അന്തിമ തീരുമാനം എടുത്താൽ മാത്രമേ ശ്രീകുമാരൻ തമ്പിയുടെ വരികൾ എടുത്തോയെന്നും നിരാകരിച്ചോയെന്നും സംബന്ധിച്ചുള്ള കാര്യത്തിൽ വ്യക്തത വരികയുള്ളു. ഇപ്പോൾ കമ്മിറ്റിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബി.കെ. ഹരിനാരായണൻ എഴുതിയ വരികളാണ്. ഇതിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
രണ്ട്, മൂന്ന് ഗാനങ്ങൾ പരിഗണനയിലുണ്ട്. ശ്രീകുമാരൻ തമ്പിയുടെ ഗാനമാണ് കൂടുതൽ ഇഷ്ടപ്പെട്ടതെങ്കിൽ അത് തിരഞ്ഞെടുക്കും. അന്തിമ തീരുമാനം എന്തായാലും അദ്ദേഹത്തെ അറിയിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.















