തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പിന്നാലെ ശ്രീകുമാരൻ തമ്പിയെ പിന്തുണച്ച് കവി ബി.കെ. ഹരിനാരായണൻ. താൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പിയെന്നും അദ്ദേഹത്തിന്റെ വരികളുടെ എത്രയോ താഴെയാണ് തന്റെ എഴുത്തെന്നും ഹരിനാരായണൻ പ്രതികരിച്ചു. ഹരിനാരായണന്റെ ഗാനമാണ് ഇഷ്ടമായതെന്ന് സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ അറിയിച്ചതിന് പിന്നാലെയാണ് ഹരിനാരായണന്റെ പ്രതികരണം.
ശ്രീകുമാരൻ തമ്പി സാറിന് നേരിട്ട മാനസിക വിഷമത്തിൽ അദ്ദേഹത്തൊടൊപ്പം നിൽക്കുകയാണ്. മലയാളത്തിലെ താരകരൂപിണി പോലെ പ്രണയത്തിന്റെ ഏറ്റവും ഉന്നതമായിട്ടുള്ള ഗാനങ്ങൾ സമ്മാനിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരികളുടെ ഏഴകലത്ത് പോലും തന്റെ വരികൾ എത്തില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. സാഹിത്യ അക്കാദമി ആവശ്യപ്പട്ടതിനാലാണ് ഗാനം എഴുതി കൊടുത്തത്. സച്ചിദാനന്ദൻ മാഷിന്റെ അഭിപ്രായ പ്രകാരം ചില തിരുത്തലുകളും വരുത്തിയിട്ടുണ്ട്. വരികൾക്ക് സംഗീതം വന്നതിന് ശേഷമായിരിക്കും തീരുമാനിക്കുന്നതെന്നാണ് മേൽ കമ്മിറ്റി അറിയിച്ചത്. ഇതുവരെയും തന്റെ ഗാനം തിരഞ്ഞെടുത്തതായി സാഹിത്യ അക്കാദമിയിൽ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നും ഹരിനാരായണൻ പറഞ്ഞു.















