റാഞ്ചി: ഝാർഖണ്ഡിൽ ഇന്ന് വിശ്വാസപ്രമേയ വോട്ടെടുപ്പ്. ഭൂമി കുഭകോണ കേസിൽ ഹേമന്ത് സേറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചംപൈ സോറൻ അധികാരമേൽക്കുന്നത്. 81 അംഗ സഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളതെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നുമാണ് മുഖ്യമന്ത്രി ചംപൈ സോറന്റ അവകാശവാദം.
ജാർഖണ്ഡിലെ 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 47 പേരാണ് ഭരണപക്ഷത്തുള്ളത്. ജെഎംഎം– 28, കോൺഗ്രസ് –16, ആർജെഡി– 1, സിപിഐ (എംഎൽ) ലിബറേഷൻ– 1. കഴിഞ്ഞ ദിവസം 43 പേരാണ് ചംപൈ സോറനൊപ്പം രാജ്ഭവനിലെത്തിയത്.
വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് കോടതി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ അഞ്ച് ദിവസം കസ്റ്റഡിയിലാണ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നിയമസഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്ന് സോറൻ വാദിച്ചത്.
2020-22 കാലഘട്ടത്തിൽ വ്യാജരേഖ നിർമ്മിച്ച് വനവാസികളുടെ ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ ഒരേക്കറോളം വരുന്ന ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണ കേസുകളിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.















