തിരുവനന്തപുരം: എട്ട് വർഷം മുൻപ് കണ്ട കേരളമല്ല ഇന്നുള്ളതെന്നും കേരളത്തെ തർക്കാൻ കഴിയില്ലെന്നും തളരില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. വികസനത്തിന് ചൈനീസ് മോഡൽ സ്വീകരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി പ്രവാസി മലയാളികൾ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തി ഡെവലപ്മെന്റ് സോൺ കൊണ്ടുവരുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതിയാണ് കേരളം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്നാണ് മന്ത്രി പ്രസ്താവിച്ചത്. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം. മതനിരപേക്ഷതയുടെ മാതൃകയാണ് കേരളത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണുമെന്നും മന്ത്രി ബജറ്റിൽ ഉറപ്പ് നൽകി. ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.















