ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിനെതിരെ പാർട്ടിക്കുള്ളിൽ കലാപം. കാർത്തി ചിദംബരത്തിന് ഇനി സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. കാർത്തി ചിദംബരത്തിന്റെ പിതാവ് ചിദംബരത്തിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിത്തപ്പെട്ടത്.
മുൻ കേന്ദ്രമന്ത്രി ഇഎം സുദർശന നാച്ചിയപ്പനാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പിന്നാലെ വൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസാകുകയായിരുന്നു. യോഗത്തിന്റെ അജണ്ടയിൽ ഇല്ലാതിരുന്നിട്ടുകൂടി പ്രവർത്തകരുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. 2019 ൽ കാർത്തി ചിദംബരത്തിന് സീറ്റ് നൽകുന്നതിനെ ശക്തമായി എതിർത്ത നേതാവാണ് സുദർശന നാച്ചിയപ്പൻ.
തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടുള്ള കാർത്തി ചിദംബരത്തിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരമായി ആരുംതന്നെ ഇന്ത്യയിലില്ലെന്നും അതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വൻ എതിർപ്പാണ് കാർത്തിക്ക് പാർട്ടിയിൽ നിന്നും നേരിടേണ്ടിവന്നത്. എഐസിസി അംഗം കൂടിയായ കാർത്തിയോട് ദേശീയ നേതൃത്വം അന്ന് വിശദീകരണം തേടിയിരുന്നു.
ഏഴ് തവണ തുടർച്ചയായി ചിദംബരം ലോക്‌സഭയിലെത്തിയത് ശിവഗംഗയിൽ നിന്നാണ്. 2019 ൽ കാർത്തി ചിദംബരം മണ്ഡലത്തിലേക്ക് എത്തുകയായിരുന്നു.















