റാഞ്ചി: ഝാർഖണ്ഡിൽ ചംപൈ സോറൻ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ നിയമസഭയിലെത്തിയ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വീണ്ടും ഇ.ഡി കസ്റ്റഡിയിലേക്ക്. സഭയിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് കോടതിയുടെ അനുവാദം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇ.ഡി കസ്റ്റഡിയിലായിരുന്ന സോറനെ ഇന്ന് നിയമസഭയിലെത്തിച്ചിരുന്നു.
സഭയിൽ പ്രസംഗിച്ച ഹേമന്ത് സോറൻ ഇ.ഡിക്കെതിരെ വിമർശനം ഉന്നയിച്ചു. തനിക്ക് അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്നും സോറൻ പറഞ്ഞു. കുറ്റം തെളിയിച്ചാൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നും സോറൻ കൂട്ടിച്ചേർത്തു. ഖനന അഴിമതി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
81 അംഗ നിയമസഭയിൽ 47 അംഗങ്ങളുടെ പിന്തുണയാണ് ചംപൈ സോറൻ സർക്കാരിന് ലഭിച്ചത്. ഝാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ചംപൈ സോറൻ സർക്കാർ വിശ്വാസം നേടിയതായി പ്രഖ്യാപിച്ചു.















