കാശി: ജ്ഞാൻവാപിയിൽ നിലവറകളുടെ സർവേ നടത്താൻ എഎസ്ഐക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു ഹിന്ദുപക്ഷം വാരാണസി കോടതിയെ സമീപിച്ചു. നിലവറകളിൽ സർവേ നടത്തുന്ന പ്രദേശത്തെ ഹിന്ദു പാരമ്പര്യത്തെ വ്യക്തമാക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ സർവേ മൂലം തർക്കമന്ദിരത്തിന്റെ ഘടനയ്‌ക്ക് കേടുപാടുകൾ വരുത്താതെ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ ഒരു നിലവറയിൽ മാത്രമാണ് സർവേ നടന്നിട്ടൊള്ളൂ. പുരാതന ക്ഷേത്രത്തിന്റെ ശേഷിപ്പുകളാണ് സർവേയിൽ കണ്ടെത്തിയത്. ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങൾ അടക്കം നിലവറകളിൽ കണ്ടതായി സർവേ പറയുന്നു. പിന്നാലെ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താനായി നിലവറ തുറന്നുകൊടുക്കാനും കോടതി പറഞ്ഞിരുന്നു.
ജനുവരി 31-നാണ് വാരാണസി ജില്ലാ കോടതി ജ്ഞാൻവാപിയിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. തുടർന്ന് ജ്ഞാൻവാപിയിൽ പൂജകൾ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവശേഷിക്കുന്ന നിലവറകളിലും പരിശോധന വേണമെന്ന് കാട്ടി ഹർജി സമർപ്പിച്ചിരിക്കുന്നത്.















