എറണാകുളം: ഡോ.വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നാളെ വിധിപറയും. യുവ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെ.ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവാദിത്തത്തിൽ നിന്നും പോലീസ് കൈകഴുകുകയാണെന്നും തുടരന്വേഷണത്തിന് പോലീസ് ശ്രമിക്കുന്നില്ലെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിൽ പോലീസ് ഉദാസീനത കാണിക്കുന്നതിനാൽ സിബിഐ കേസേറ്റെടുക്കണമെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറയുക. പ്രതി സന്ദീപിന്റെ ജാമ്യഹർജിയിലും കോടതി നാളെ വിധി പറയും.
അതേസമയം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2023 മെയ് 10-നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.















