ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം മേയ് 9ന് പാകിസ്താനിലുണ്ടായ കലാപത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുഖ്യപങ്കുള്ളതായി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെതിരെ വിധി പറയാൻ സൈനിക കോടതി തയ്യാറെടുത്തതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നിലവിൽ സൈഫർ കേസിലും, തോഷഖാന കേസിലും, ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹം കഴിച്ച കേസിലും പ്രതിയാണ് ഇമ്രാൻ ഖാൻ.
അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മേയ് 9-നാണ് ഇമ്രാൻഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇസ്ലാമാബാദിലും ലാഹോറിലും, റാവൽപിണ്ടിയിലും ഇമ്രാൻ ഖാന്റെ അനുകൂലികൾ വൻ നാശ നഷ്ടങ്ങൾ വരുത്തി വച്ചു. പോലീസ് സ്‌റ്റേഷനുകളും മാദ്ധ്യമ സ്ഥാപനങ്ങളും ഇവർ തീയിട്ട് നശിപ്പിച്ചു. അന്ന് നൂറിലധികം ആളുകൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഇമ്രാൻ ഖാന്റെ നിർദ്ദേശ പ്രകാരമാണ് അനുയായികൾ കലാപത്തിന് ആഹ്വാനം ചെയ്തതെന്നാണ് കണ്ടെത്തൽ.















