ന്യൂഡൽഹി: സംസ്ഥാനത്ത് ഭക്ഷ്യവകുപ്പിന് പരിഗണന വേണമെന്ന് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അർഹിക്കുന്ന പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെന്ന നിലയിൽ വിഷയത്തിൽ ചർച്ച നടത്തും. പരസ്യ പ്രതികരണത്തിന് നിൽക്കുന്നില്ലെന്നും സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ വകുപ്പുകളുടെയും ആവശ്യകതയെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും മന്ത്രിമാർ ശ്രദ്ധയിൽപ്പെടുത്തുന്ന പതിവുണ്ട്. കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ രംഗം പ്രത്യേകിച്ച് സപ്ലൈകോ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതനുസരിച്ച് ജനങ്ങളാഗ്രഹിക്കുന്ന സമീപനം ഉണ്ടാകണമെന്നാണ് മന്ത്രിയെന്ന നിലയിൽ ആഗ്രഹിക്കുന്നത്.- അദ്ദേഹം പറഞ്ഞു. ഇന്നലെ തന്നെ ബജറ്റിൽ ജി.ആർ അനിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബജറ്റ് അവതരണ ശേഷം ധനമന്ത്രിക്ക് കൈകൊടുക്കാനും ഭക്ഷ്യമന്ത്രി വിസമ്മതിച്ചിരുന്നു.
സിപിഐയിലെ മറ്റ് മന്ത്രിമാർക്കും ബജറ്റിൽ അതൃപ്തിയുണ്ട്. മൃഗസംരക്ഷണ വകുപ്പിന് ആവശ്യമായ തുക അനുവദിക്കാത്തതിൽ മന്ത്രി ജെ ചിഞ്ചു റാണിയും അതൃപ്തി അറിയിച്ചിട്ടുണ്ട്.















