ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമ ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയണ് ബിൽ അവതരിപ്പിച്ചത്. വന്ദേമാതരവും ജയ് ശ്രീറും വിളിച്ചുകൊണ്ടാണ് നിയമസഭയിൽ എംഎൽഎമാർ സിവിൽ നിയമ ബില്ലിനെ വരവേറ്റത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. ഏകീകൃത സിവിൽ നിയമങ്ങൾ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ ആരംഭിച്ച നാല് ദിവസത്തെ നിയമസഭ പ്രത്യേക സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ കഴിഞ്ഞ ദിവസം ബില്ലിന് അംഗീകരം നൽകിയിരുന്നു. റിട്ടയർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ സമിതിയാണ് സിവിൽ നിയമങ്ങളുടെ കരട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. വിവാഹം, വിവാഹമോചനം, ഭൂമി, അനന്തരാവകാശം, ദത്ത് എന്നിവയിൽ ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നതാണ് ബിൽ.















