തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ.ചിഞ്ചു റാണി. ബജറ്റിൽ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പ്രതികരിച്ചത്. തുക വെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രതിഷേധം അറിയിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.
ബജറ്റിൽ ഉണ്ടായിരിക്കുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഡൽഹി യാത്രയ്‌ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നുമാണ് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സിപിഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നുമായിരുന്നു ചിഞ്ചു റാണി പറഞ്ഞു.
സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ബജറ്റ് വിഹിതം കുറച്ചത് വൻ വിവാദമായി മാറിയിരുന്നു. ഭക്ഷ്യ വകുപ്പിന് പരിഗണന ലഭിച്ചില്ലെന്നായിരുന്നു മന്ത്രി ജി ആർ അനിലും പ്രതികരിച്ചിരുന്നു. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അർഹിക്കുന്ന പരിഗണന ബജറ്റിൽ വേണമെന്നുമാണ് ജി ആർ അനിൽ പറഞ്ഞത്. കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ രംഗം പ്രത്യേകിച്ച് സപ്ലൈകോ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതനുസരിച്ച് ജനങ്ങളാഗ്രഹിക്കുന്ന സമീപനം ഉണ്ടാകണമെന്നാണ് മന്ത്രിയെന്ന നിലയിൽ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ജി ആർ അനിൽ പറഞ്ഞത്.