ന്യൂഡൽഹി: മാസങ്ങൾ നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം എൻസിപിയിലെ പിളർപ്പിൽ നിർണായക തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി എന്ന പാർട്ടി പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് കമ്മീഷൻ ഉത്തരവിട്ടു. എൻസിപിയുടെ പേരിൽ മത്സരിച്ച് വിജയിച്ച ഭൂരിപക്ഷം ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് കമ്മീഷൻ തീരുമാനം എടുത്തിരിക്കുന്നത്.
പാർട്ടി ഭരണഘടന പ്രകാരം ഇരു വിഭാഗങ്ങളും പ്രവർത്തിച്ചില്ലെന്നും അതിനാലാണ് ഒപ്പമുളള ജനപ്രതിനിധികളുടെ എണ്ണം കണക്കിലെടുത്ത് തീരുമാനമെടുത്തതെന്നും കമ്മീഷൻ വ്യക്തമാക്കി. ശരദ്, അജിത് വിഭാഗങ്ങൾ പാർട്ടി ഭരണഘടന പ്രകാരമല്ല പ്രവർത്തിക്കുന്നത്. ഭരണഘടനയിൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലല്ല അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ ഭരണഘടന മാനദണ്ഡമാക്കി തീരുമാനമെടുക്കാൻ സാധിക്കില്ല. ആയതിനാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണം പരിഗണിച്ച് തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും ഉത്തരവിൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
2023 ജൂലൈയിലാണ് പാർട്ടിയിൽ ഭിന്നതകൾ ഉടലെടുത്തതിന് പിന്നാലെ അജിത് പവാർ ഭൂരിഭാഗം അംഗങ്ങൾക്കുമൊപ്പം എൻഡിഎയുടെ ഭാഗമാകുന്നത്. പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു.
1999 കോൺഗ്രസിനെ പിളർത്തി ശരദ് പവാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയാണ് എൻസിപി. കോൺഗ്രസിൽ സോണിയയുടെ നേതൃത്വം അംഗീകരിക്കാത്ത നേതാക്കൾ അന്ന് പവാറിനൊപ്പം പുതിയ പാർട്ടിയുടെ ഭാഗമായി. 2004 ൽ യുപിഎയുടെ ഭാഗമായ എൻസിപി, ശേഷം സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസിനൊപ്പം അധികാരം പങ്കിടുകയായിരുന്നു.