ജസ്പ്രിത് ബുമ്ര…ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേസ് ബൗളിംഗ് മറുപടി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പേസും സ്വിംഗും കൃത്യതയും സമന്വയിപ്പിച്ച് എതിരാളികളുടെ പേടിസ്വപ്നമായി ഒരു ഇന്ത്യൻ പേസർ ലോകക്രിക്കറ്റിൽ വരവറിയിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേട്ടങ്ങൾ ഒരുപാട് കാൽകീഴിലാക്കിയ ബുമ്ര മറ്റൊരു റെക്കോർഡും കൈയെത്തിപ്പിടിക്കുകയാണ്. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ് ചരിത്രത്തില്‍ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ പേസറാവുകയാണ് വലം കൈയൻ ബൗളർ. നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുമ്ര.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കെല്ലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ഇന്ത്യൻ ബൗളറും ബുമ്രയാണ്. 881 പേയിന്റോടെയാണ് താരം പട്ടികയിൽ തലപ്പത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും ഫോമിലുള്ള താരം ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് പിഴുതെറിഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് റാങ്കിംഗില്‍ രണ്ടാമത്. ഒന്നാമതായിരുന്നു ഇന്ത്യൻ സ്പിന്നർ അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. പാറ്റ് കമ്മിൻസാണ് നാലാം സ്ഥാനത്ത്.
ബാറ്റർമാരായ മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ്, വിരാട് കോലിയും എന്നിവരാണ് നേരത്തെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം അലങ്കരിച്ചവർ. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണാണ് ഒന്നാമത്.















