പ്രതിസന്ധികൾ തരണം ചെയ്യാൻ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നിൽക്കുന്നത് സംഘവും ബിജെപിയുമാണെന്ന് രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രൺജിത്ത്. കേസാണ് യഥാർത്ഥത്തിൽ ജീവിക്കാനുള്ള പ്രേരണ നൽകിയത്. ഭക്ഷണം കഴിച്ചോ എന്നുപോലും ചോദിക്കാൻ അയൽക്കാർ ഇല്ലാതിരുന്നിട്ടും, സംഘ പ്രവർത്തകരായ സഹോദരന്മാർ കൂടെ നിന്നുവെന്നും ലിഷ അഭിമുഖത്തിൽ പറഞ്ഞു.
ഏട്ടൻ വിശ്വസിച്ച പ്രസ്ഥാനം തങ്ങളുടെ ഒപ്പം തന്നെ നിന്നു. ഓരോ വിഷമത്തിലും താങ്ങായത് അവരാണ്. മുൻപ് ഓണവും വിഷുവുമൊക്കെ രണ്ട് കൂട്ടം പായസത്തൊടെയാണ് ഞങ്ങൾ ആഘോഷിച്ചിരുന്നത്. ഏട്ടനായിരുന്നു ആഘോഷത്തിന് മുമ്പിൽ നിന്നിരുന്നത്. സംഭവം നടന്ന ഡിസംബറിന് ശേഷം ആദ്യം വന്നത് വിഷുവാണ്. കഞ്ഞിയും ചമ്മന്തിയുമാണ് ഞങ്ങൾ വെച്ചത്. അന്ന് ചെങ്ങന്നൂരിൽ നിന്ന് പ്രചാരകൻമാര് വീട്ടിൽ വന്ന് ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചു. അങ്ങനെ കുറെ സഹോദരൻമാരുണ്ട്.
ഒരു വിശേഷ ദിവസം വന്നാൽ വിഷമിക്കാൻ അവർ വിടില്ല. സംഘത്തിന്റെയും ബിജെപിയുടെയും ആളുകൾ അന്ന് കുട്ടികൾക്ക് മധുരവുമായി എത്തും. കേസിനെപ്പറ്റിയോ ഒന്നും അവർ പറയാറില്ല, ഞങ്ങളെ അതോർക്കാൻ അനുവദിക്കില്ല. കുറെ നേരം കുഞ്ഞുങ്ങളോട് സംസാരിച്ചിരിക്കും. ഓണക്കോടി വാങ്ങിയോയെന്ന് കുഞ്ഞുങ്ങളോട് ചോദിച്ചത് ഒരു ബന്ധുക്കളും അയൽവാസികളുമല്ല, സംഘമാണ്.
മോളുടെ റിസൾട്ട് വന്നപ്പോഴും അവരോടിയെത്തി. മോളുടെ അരങ്ങേറ്റ സമയത്തും, ആശുപത്രിയിലായപ്പോഴും എല്ലാം കാര്യത്തിലും എത്തിയത് അവരായിരുന്നു. പണ്ട് ഏട്ടനെന്നോട് പറഞ്ഞിട്ടുണ്ട്, കുന്നുംപുറം കുടുംബത്തിലെ അംഗമായിട്ടല്ല സംഘകുടുംബത്തിലെ അംഗമായിട്ടാണ് നിന്നെ ഇവിടെ വിവാഹം കഴിച്ച് കൊണ്ടുവന്നതെന്ന്. സംഘം ഞങ്ങൾക്കൊരു ധൈര്യമാണ്-ലിഷ പറഞ്ഞു.















