തന്റെ സിനിമകളെ വിമർശിച്ച നടി പാർവതി തിരുവോത്തിന് മറുപടിയുമായി സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ജോക്കർ സിനിമയോട് ഉപമിച്ചാണ് കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെ പാർവതി പരാമർശം നടത്തിയത്. ‘ജോക്കർ’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും അതേസമയം കബീർ സിംഗ് അതിനെ മഹത്വവൽക്കരിക്കുന്നുവെന്നുമായിരുന്നു നടിയുടെ കമന്റ്.
വർഷങ്ങൾക്ക് മുൻപ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അർജുൻ റെഡ്ഡിക്കും കബീർ സിംഗിനുമെതിരെ പാർവതി രംഗത്തെത്തിയത്. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും മഹത്വവത്കരിക്കുന്നു. എന്നാൽ ജോക്കറിൽ വാക്വിൻ ഫീനിക്സ് അവതരിപ്പിച്ച കഥാപാത്രത്തോട് സഹതാപമാണ് തോന്നിയതെന്നുമായിരുന്നു പാർവതിയുടെ പരാമർശം. അക്രമത്തെ ചിത്രം മഹത്വവത്കരിക്കുന്നില്ലെന്നും അവർ അടിവരയിട്ട് പറഞ്ഞു.
‘‘പ്രേക്ഷകർക്ക് ‘മഹത്വവൽക്കരണം’ എന്താണെന്ന് അറിയില്ല. നായകൻ സിനിമയുടെ അവസാനം അയാളുടെ തെറ്റുകൾ ഏറ്റുപ്പറഞ്ഞ് ക്ഷമാപണം നടത്തണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരെന്നല്ല അഭിനേതാക്കളും ഇതു മനസ്സിലാക്കുന്നില്ല. പാർവതി തിരുവോത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് ജോക്കർ സിനിമ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ലെന്ന്.. ഗോവണിയിൽ ഒരു പാട്ടിനു ഡാൻസ് ചെയ്യുന്ന ജോക്കറിന്റെ കഥാപാത്രത്തെ ഓർമയില്ലേ? അത് അക്രമത്തെ ആഘോഷിക്കുന്നതായി അവർക്ക് തോന്നുന്നില്ല. ഞാൻ ഞെട്ടിപ്പോയി.അവർക്ക് അതിനെക്കുറിച്ച് ധാരണയില്ലെന്നാണ് എനിക്ക് തോന്നുന്നത്- സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.















