പത്തനംതിട്ട: ലഹരിയ്‌ക്ക് അടിമയായ മകനിൽ നിന്നുമുള്ള ശാരീരിക ഉപദ്രവം സഹിക്കവയ്യാതെ ജീവനൊടുക്കാൻ ശ്രമിച്ച് മാതാവ്. പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനാണ് വയോധിക ശ്രമിച്ചത്. തിരുവല്ല കവിയൂർ കോട്ടൂർ സ്വദേശി കുഞ്ഞമ്മ പാപ്പനാണ് മകൻ രവിയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തുന്ന മകൻ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് കുഞ്ഞമ്മ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് രവിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മകനെന്ന പരിഗണന നൽകി ഇവർ പരാതി നൽകാൻ കൂട്ടാക്കിയില്ല.
ഈ കഴിഞ്ഞ തിങ്കളാഴ്ചയും സമാനരീതിയിൽ മർദ്ദനവും അസഭ്യവർഷവും നടന്നിരുന്നു. തുടർന്ന് ഇന്നലെ വീട്ടിൽ നിന്നും പോകവെ താൻ തിരികെ എത്തുമ്പോൾ വീട്ടിൽ കാണരുതെന്ന് കുഞ്ഞമ്മയ്‌ക്ക് താക്കീത് നൽകി. ഇതിന് പിന്നാലെയാണ് ഇവർ വീടിന് സമീപമുള്ള പാറക്കുളത്തിൽ ചാടിയത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയവരാണ് കുഞ്ഞമ്മയെ കരയ്‌ക്കെത്തിച്ചത്.















