ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ ഓരാൾ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സർ സ്വദേശിയും കച്ചവടക്കാരനുമായ അമൃത്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഇവരുടെ പേര് വിവരങ്ങൾ വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ഭീകരർ ആക്രമണം നടത്തിയത്. പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സംഭവ സ്ഥലത്ത് നിന്നും പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്ത് ഒരു മാസം പിന്നിടുമ്പോഴാണ് ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള കുന്നിൻ ചെരുവിൽ നിന്നും വെടിവച്ച ശേഷം ഭീകരർ രക്ഷപ്പെട്ടേക്കാമെന്നാണ് പോലീസിന്റെ നിഗമനം. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.