ന്യൂഡൽഹി : ഇന്ത്യയുടെ ടൂറിസം ഹബ്ബാകാൻ ലക്ഷദ്വീപ് . 3600 കോടിയുടെ പദ്ധതിയാണ് ലക്ഷദ്വീപിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്ക്കരിക്കുന്നത് . ലക്ഷദ്വീപിലെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. ഇതോടെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിദേശത്ത് പോകാതെ തന്നെ തങ്ങളുടെ രാജ്യത്തെ മനോഹരമായ ബീച്ചുകൾ ആസ്വദിക്കാനാകും. ലക്ഷദ്വീപിനെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
ലക്ഷദ്വീപ് ഗ്രൂപ്പിൽ ഉൾപ്പെട്ട കവരത്തി, അഗത്തി, ആൻഡ്രോത്ത്, കടമത്ത്, കൽപേനി ദ്വീപുകളും കേന്ദ്രസർക്കാർ വികസിപ്പിക്കും . ഈ തുറമുഖങ്ങളിൽ റോഡുകൾ നിർമിക്കുകയും എല്ലാവിധ സൗകര്യങ്ങളും വികസിപ്പിക്കുകയും ചെയ്യും. വിമാന സൗകര്യങ്ങളും ഇവിടെ വികസിപ്പിക്കും. സാഗർമാല പദ്ധതിയിൽ സർക്കാർ ലക്ഷദ്വീപിനെ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് റിപ്പോർട്ട്. സാഗർമാല പദ്ധതിയുടെ ഫണ്ടിൽ നിന്നാണ് ഈ വികസനത്തിനുള്ള തുക കണ്ടെത്തുക. ലക്ഷദ്വീപിന്റെ വികസനത്തിനായി 13 പദ്ധതികളാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതികളിലൂടെ ലക്ഷദ്വീപ് ഗ്രൂപ്പിലെ 36 ദ്വീപുകളുടെ ചിത്രം മാറും.
കടമത്ത് ദ്വീപിൽ സർക്കാർ പരമാവധി 1034 കോടി രൂപ ചെലവഴിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ഫണ്ട് തുറമുഖ, ബീച്ച് വികസനത്തിൽ നിക്ഷേപിക്കും. കൂടാതെ കൽപേനി ദ്വീപിന് 804 കോടി രൂപ ചെലവ് വരും. 762 കോടി രൂപ ചെലവിൽ ആൻഡ്രോത്ത് ദ്വീപ് വികസിപ്പിക്കും. മിനിക്കോയ്, കവരത്തി ദ്വീപുകളുടെ വികസനത്തിനും വൻ തുക അനുവദിച്ചിട്ടുണ്ട്.
ജനുവരി ആദ്യ ആഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസങ്ങളിലായി സന്ദർശനം നടത്തിയതോടെയാണ് ലക്ഷദ്വീപ് പൊടുന്നനെ വാർത്തകളിൽ ഇടംപിടിച്ചത്.