ലക്നൗ: നഗരവികസനത്തിലും ആരോഗ്യപരിപാലനത്തിലും ഉത്തർപ്രദേശിന്റെ പുരോഗതി അടിവരയിട്ട് പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 17 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാർക്ക് 2,317 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 58,856 പഞ്ചായത്തുകളിൽ പൊതു ശൗചാലയങ്ങൾ നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ, മഥുര-വൃന്ദാവനം എന്നിവിടങ്ങളിൽ പുതിയ മുനിസിപ്പൽ കോർപ്പറേഷനുകൾ രൂപീകരിച്ചു. 2017-നെ അപേക്ഷിച്ച് 2023-ൽ എഇഎസ് രോഗികളുടെ എണ്ണം 76 ശതമാനവും ജെഇ രോഗികളുടെ എണ്ണം 85 ശതമാനവും കുറഞ്ഞു. ഇന്ന് സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഓരോ മെഡിക്കൽ കോളേജ് എന്ന പ്രതിജ്ഞ സർക്കാർ നിറവേറ്റുകയാണ്. പല ജില്ലകളിലും ഉടൻ തന്നെ മെഡിക്കൽ കോളേജുകൾ പ്രവർത്തനം ആരംഭിക്കും.
കേന്ദ്ര സർക്കാർ പദ്ധതികളായ ആയുഷ്മാൻ ഭാരത് യോജനയും ജൻ ആരോഗ്യ അഭിയാനും 1.8 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്തു. സംസ്ഥാനത്ത് 4.86 കോടിയുടെ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു. 31 ലക്ഷത്തോളം പാവപ്പെട്ടവർക്ക്
4,677 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും
സൗജന്യ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.















