തിരുവനന്തപുരം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും ഉൾപ്പെടെയുള്ള നിരവധി നിർണായക തെളിവുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊട്ടാരക്കര ഡിസിആർബി മുൻ ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം നൽകിയത്.
ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവർ മാത്രമാണ് കേസിലെ പ്രതികൾ. പണം ലക്ഷ്യമിട്ടാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നും മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് കേസിലെ പ്രധാന തെളിവുകൾ.
ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകളാണ് കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ചുമഴ്‌ത്തിയിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടു പോകൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.















