പാലക്കാട്: മാസപ്പടി കേസിലെ അന്വേഷണത്തെ ഭയമില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക്ക് ഹൈക്കോടതിയെ സമീപിക്കാൻ കാരണം ഈ മാസം 12ന് കേസ് പരിഗണിക്കാൻ ഇരിക്കുന്നത് കൊണ്ടാണ്. അല്ലാതെ ആശങ്കയുള്ളത് കൊണ്ടല്ല കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അന്വേഷണത്തെ ആരും ഭയക്കുന്നില്ല. ഏത് അന്വേഷണവും മാസപ്പടി കേസിൽ നടക്കട്ടെ. ഹർജി നൽകിയത് സാധാരണ നടപടി മാത്രമാണ്. ഇതിലും വലിയ കുരുക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിലും അപ്പുറത്തെ കേസ് വന്നാലും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുലുക്കാൻ പറ്റില്ല. ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കൾ ആയിരിക്കും- എ.കെ ബാലൻ പറഞ്ഞു.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് എക്‌സാലോജിക് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. എക്‌സാലോജിക് സൊല്യൂഷൻസിന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് വീണയോട് നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ എസ്എഫ്‌ഐഒ നിർദ്ദേശം നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഹർജി നൽകിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.















