ഇടുക്കി: കുമളിയിൽ ഏലയ്‌ക്ക സ്റ്റോറിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. 40 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. മേലെ ചക്കുപള്ളത്ത് പ്രവർത്തിക്കുന്ന തമിഴ്‌നാട് സ്വദേശി വെങ്കിട്ടന്റെ ഉടമസ്ഥതയിലുള്ള ഏലയ്‌ക്ക സ്റ്റോറിലാണ് തീ പിടിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. തീപിടിത്തതിൽ 1,500 കിലോ ഏലയ്ക്ക കത്തി നശിച്ചതായി സ്‌റ്റോർ ഉടമ പറഞ്ഞു.
കടയിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികൾ ജീവനക്കാരെ വിവരം അറിയിച്ചതോടെയാണ് തീപിടിച്ച വിവരം അറിഞ്ഞത്. കടയിൽ സൂക്ഷിച്ചിരുന്ന ഏലയ്‌ക്ക ചാക്കുകളും ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങളും ജീവനക്കാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും തീ ആളി കത്തുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏലയ്‌ക്ക ഉണങ്ങാൻ ഉപയോഗിച്ച പുകക്കുഴൽ അധികമായി ചൂടായി മേൽക്കൂരയ്‌ക്ക് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സെർക്യൂട്ട് അടക്കമുള്ള കാര്യങ്ങൾ കെ.എസ്.ഇ.ബി പരിശോധിച്ചു വരികയാണ്.















