ന്യൂഡൽഹി: ആറ് മൾട്ടി ട്രാക്കിംഗ് റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അംഗീകാരം നൽകി.ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും വേണ്ടിയാണ് ആറ് പദ്ധതികൾ നടപ്പിലാക്കുന്നത്. 12, 343 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ എളുപ്പമാകും. തിരക്ക് കുറയ്‌ക്കുക, അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികൾക്ക് തുടക്കമിടുന്നത്. ഇത് രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് നിരവധി തൊഴിവസരങ്ങൾ സൃഷ്ടിക്കും. രാജസ്ഥാൻ, അസം, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, നാഗാലാൻ്റ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകളിലെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
ആറ് പുതിയ പദ്ധതികളിലൂടെ മൂന്ന് കോടി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കുക. ധാന്യങ്ങൾ, വളങ്ങൾ, കൽക്കരി, സിമൻ്റ്, ഇരുമ്പ്, ഉരുക്ക് എന്നിവ ഉൾപ്പെടെ വിവിധ ചരക്ക് ഉൽപ്പന്നങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.















