തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥിയെ വളഞ്ഞിട്ട് തല്ലി സഹപാഠികൾ. പത്താം ക്ലാസുകാരനാണ് ക്രൂര മർദ്ദനത്തിനിരയായത്. കഴിഞ്ഞ മാസം 13ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മാതാവ് പോലീസിനെ സമീപിച്ചത്. ക്ലാസിലുണ്ടായ തർക്കമാണ് തെരുവിലെത്തിയത്.
വീട്ടിലേക്ക് പോയ വിദ്യാർത്ഥിയെ സ്കൂളിന് പിന്നിലെ ഇടറോഡിലേക്ക് പിടിച്ചുകൊണ്ടുപോയി സഹപാഠികൾ പരസ്യ വിചാരണയ്‌ക്ക് വിധേയനാക്കി മർദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം കണ്ടുനിന്നവരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇത് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് മാതാവിന്റെ കൈയിലെത്തിയത്.
കുട്ടിക്ക് നേരത്തെ ശാരീരിക ബുദ്ധുമുട്ട് ഉണ്ടായിരുന്നെങ്കിലും മർദ്ദന വിവരം വീട്ടിൽ അറിയിച്ചിരുന്നില്ല. ട്യൂഷന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ ഏറ്റ മർദ്ദനം വീണ്ടും ഉണ്ടാകുമോ എന്ന ഭയമാണ് കുട്ടി ഇക്കാര്യം വീട്ടിൽ അറിയിക്കാതിരുന്നതിന് കാരണം. വീഡിയോ കണ്ടപ്പോഴാണ് മകൻ നേരിട്ട ആക്രമണം മനസിലാക്കുന്നതെന്നും പരാതിയ നൽകിയതെന്നും മാതാവ് ബിന്ദു പറഞ്ഞു. രക്ഷിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് കുട്ടികളുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.