തിരുവനന്തപുരം: ബിരുദതലത്തിൽ നടപ്പിലാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി യുജിസി. തൊഴിൽ നൈപുണ്യവും ഗവേഷണാഭിരുചിയും ലക്ഷ്യം വച്ചാകണം ഇന്റേൺഷിപ്പ് സജ്ജമാക്കേണ്ടത്. നിലവിൽ സ്വയംഭരണ കോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പ് നടപ്പിലാക്കുന്നത്.
നാല് വർഷ കോഴ്‌സുകൾക്കും മൂന്ന് വർഷ കോഴ്‌സുകൾക്കും ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശമാണ് യുജിസി പുറത്തിറക്കിയിരിക്കുന്നത്.120 മുതൽ 160 വരെ ക്രെഡിറ്റുള്ള കോഴ്സുകളിൽ രണ്ട് മുതൽ നാല് വരെ ക്രെഡിറ്റുള്ളവരെയാണ് ഇന്റേൺഷിപ്പിന് ഉൾപ്പെടുത്തുക.എല്ലാ വിദ്യാർത്ഥികൾക്കും നാലാം സെമസ്റ്ററിന് ശേഷം 60-120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് നൽകേണ്ടത്.
നാല് വർഷ റിസർച്ച് ഓണേഴ്‌സ് കോഴ്‌സുകൾക്ക് എട്ടാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ്പിനായി മാറ്റിവച്ചിട്ടുണ്ട്. ഇതിന് ആകെ 20 ക്രെഡിറ്റുകളാണ് അനുവദിക്കുക.
യുജിസി പുറത്തിറക്കിയ പ്രധാന നിർദ്ദേശങ്ങൾ…
കോളേജുകളിലെ ഗവേഷണ-വികസന കേന്ദ്രങ്ങൾക്കാണ് മുഖ്യ ചുമതല. ഓരോ വിഷയത്തിനും അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കേണ്ടതിന്റെ ചുമതലയും ഇവർക്കാണ്.
ഓരോ കോളേജിനും സർവകലാശാലകൾക്കും ഒരു ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ ഉണ്ടായിരിക്കണം. വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഉതകുന്ന വിധത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവർക്കാണ്.
പരിശീലന സാദ്ധ്യതകളുള്ള സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടിരിക്കണം. ഇതിനായി പ്രദേശത്ത് വിശദമായ സർവേ നടത്തി സാധ്യതകൾ കണ്ടുപിടിക്കണം.
വ്യാപാരം, കൃഷി, സാമ്പത്തികം, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ്, ചില്ലറ വ്യാപാരം, ഐടി-ഇലക്ട്രോണിക്‌സ്, കരകൗശലം, കല, ഡിസൈൻ, സംഗീതം, ആരോഗ്യ പരിപാലനം, സ്‌പോർട്‌സ്, വെൽനെസ്,വെൽനെസ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, ഡിജിറ്റൈസേഷൻ, നിർമിതബുദ്ധി തുടങ്ങിയ പുതിയ സങ്കേതങ്ങൾ, നിയമസഹായം, വിനിമയം, വിദ്യാഭ്യാസം, സുസ്ഥിരവികസനം, പരിസ്ഥിതി, വാണിജ്യം, ചെറുകിട-സൂക്ഷ്മ വ്യവസായം എന്നീ വിഷയങ്ങളാണ് മാർഗരേഖയിൽ എടുത്ത് പറയുന്നത്.