ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന പോലെയാണ് കേരളം സമരം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന് ലഭിച്ച നികുതി വിഹിതത്തിന്റെ കണക്കുകൾ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാണോയെന്നു ചോദിച്ച അദ്ദേഹം ഇടത് എം.പിമാർ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ കള്ളപ്രചരണം നടത്തുകയാണെന്നും വ്യക്തമാക്കി.
” ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച നികുതി വിഹിതത്തിന്റെ കണക്കുകൾക്ക് കേരള സർക്കാരിന് പറയാൻ മറുപടിയില്ലെന്ന് വ്യക്തമാണ്. കണക്കുകൾ തെറ്റാണെന്ന് കേരള സർക്കാരിന് തെളിയിക്കാൻ സാധിക്കുമോ? ധനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇടതുപക്ഷം പറയുന്നത്. അങ്ങനെയെങ്കിൽ സർക്കാർ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയമാണ് ഇടത്എം.പിമാർക്ക്.” – വി. മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിന്റെ പക്കൽ നിന്നും നികുതി വിഹിതം ലഭിക്കുന്നില്ലെന്ന കള്ളക്കണക്കുകൾ മാത്രമേ ഇവർക്ക് ജനങ്ങളോട് പറയാനുള്ളത്. മകൾ വീണയുടെ കാര്യത്തിൽ സത്യം പറയാത്ത മുഖ്യമന്ത്രിയിൽ നിന്നും ഇത്തരം കള്ള പ്രചരണങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നും വി. മുരളീധരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അഴിമതിക്കാർ ഒത്തു ചേർന്ന് നടത്തുന്ന സമരമാണ് ഡൽഹിയിൽ നാം കണ്ടത്. എന്നാൽ രാഷ്‌ട്രീയം നോക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഭാരതര്തന പ്രഖ്യാപിക്കുന്നതെന്നാണ് മറ്റു രാഷ്‌ട്രീയക്കാരുടെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഭാരതരത്‌ന പ്രഖ്യാപിക്കാതിരിക്കാൻ സാധിക്കുമോ എന്നും വി. മുരളീധരൻ ചോദിച്ചു. രാജ്യത്തിന്റെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന് ഭാരതരത്‌ന ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.