ന്യൂഡൽഹി: മീഡിയം ട്രാൻപ്പോർട്ട് വിമാനം ഇന്ത്യയിൽ നിർമ്മിക്കാൻ എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ട് മഹീന്ദ്ര ഗ്രൂപ്പ്. ഡൽഹിയിലെ ബ്രസീൽ എംബസിയിൽ വച്ച് നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച ധാരണ പത്രം ഒപ്പുവച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വളരെ അധികം സംതൃപ്തിയോടെയാണ് താൻ ഈ വാർത്ത പങ്കുവയ്‌ക്കുന്നതെന്ന് കുറിച്ചുകൊണ്ടാണ് മഹീന്ദ്ര എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സി-390 മില്ലേനിയം മൾട്ടി മിഷൻ എയർക്രാഫ്റ്റ് നിർമ്മിക്കാനാണ് ഇരു കമ്പനികളും തമ്മിൽ കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ബ്രസീൽ എംബസിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിനായി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് വിഭാഗം വൈസ് പ്രസിഡന്റ് വിജയ് സഹായിയും എംബ്രയർ ഗ്രൂപ്പിനായി സിഇഒ ബോസ്‌കോ ദ കോസ്ത ജൂനിയറുമാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് ആവശ്യമായ മീഡിയം ട്രാൻപ്രോർട്ട് എയർക്രാഫ്റ്റ് വിമാനങ്ങൾ ഭാരതത്തിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് മഹീന്ദ്ര എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചത്.
എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പുവയ്‌ക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് വിനോദ് സഹായി പറഞ്ഞു. വ്യോമയാന മേഖലയിൽ ശക്തമായ സാന്നിദ്ധ്യമറിച്ചിട്ടുള്ള സ്ഥാപനമാണ് എംബ്രയർ. നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച സൈനിക ആവശ്യത്തിന് ഉപകരിക്കുന്ന വിമാനങ്ങളിലൊന്നാണ് സി- 390 മില്ലേനിയം . ഈ സഹകരണം ഇന്ത്യൻ വ്യോമസേനയ്‌ക്ക് ശക്തിപകരാൻ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വ്യോമയാന മേഖലയിൽ മേക്ക് ഇൻ ഇന്ത്യ എന്ന തത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് പുതിയ ഉദ്യമത്തിലേക്ക് കടക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
It gives me enormous satisfaction to share this news.
Because the success of this initiative will allow us to contribute significantly to the prowess of the Indian Air Force.
The partnership between @MahindraRise and @embraer will fulfil the acquisition of the C-390… pic.twitter.com/IbnQArhGOB
— anand mahindra (@anandmahindra) February 9, 2024
പുതിയ സംരംഭത്തിൽ മഹീന്ദ്രയെ പങ്കാളിയായി ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് എംബ്രയർ ഗ്രൂപ്പ് സിഇഒ ബോസ്‌കോ ദ കോസ്ത ജൂനിയർ പറഞ്ഞു. വൈവിധ്യമാർന്നതും വളരുന്നതുമായ പ്രതിരോധ വ്യവസായ രംഗമുള്ള രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിന്റെ ആത്മനിർഭരതയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പിൽ തങ്ങളും ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.















