തിരുവനന്തപുരം: എന്റെ രാഷ്ട്രീയ രംഗത്തെ ഉയർച്ചയ്ക്ക് കാരണം പരമേശ്വർജിയെന്ന് മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ. തിരുവന്തപുരത്ത് നടന്ന പി പരമേശ്വരൻ സ്മൃതി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാര്യങ്ങൾ പാർലമെന്റിൽ അറിയിക്കാനായി സംഘത്തിന്റെ പ്രതിനിധിയായി തന്നെ അയച്ചതും പരമേശ്വർജി ആയിരുന്നെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ കാലത്ത് രണ്ടുപേരും വിയ്യൂർ സെൻട്രൽ ജയിലിലെ ഒരേ മുറിയിലാണ് ശിക്ഷ അനുഭവിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന് ഒരുപാട് അസുഖങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജയിൽ ജീവിതം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ഞാനും വിയ്യൂരിൽ തന്നെയാണ് ഉള്ളതെന്ന് അറിഞ്ഞപ്പോൾ തനിക്കും അതേ സെല്ല് തന്നെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും രാജഗോപാൽ പറഞ്ഞു.
ജയിൽ ജീവിത കാലത്താണ് പരമേശ്വർജിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ എനിക്ക് സാധിച്ചത്. ഒരിക്കൽ മാതാഅമൃതാനന്ദമയി പറഞ്ഞിരുന്നു അമ്മയുടെ രണ്ട് മക്കൾക്കും പത്മഭൂഷൺ പുരസ്‌കാരം ലഭിക്കുമെന്ന്. ആ വാക്കുകൾ സത്യമായി അദ്ദേഹത്തിനും എനിക്കും അതിനുള്ള അവസരങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ സ്മരണ പുതുക്കാൻ ലഭിച്ച ഈ അവസരത്തിന് വളരെ അധികം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.















