കൊൽക്കത്ത: പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മിഥുൻ ചക്രവർത്തിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബോളിവുഡ് നടിയും നർത്തകിയുമായ മൗനി റോയ്, ശുഭശ്രീ ഗാംഗുലി, ശ്രബന്തി ചാറ്റർജി, പൂജ ബാനർജി എന്നിവർക്കൊപ്പം ഡാൻസ് ബംഗ്ലാ ഡാൻസ് എന്ന റിയാലിറ്റി ഷോയിലാണ് വിധി കർത്താവായി മിഥുൻ ചക്രവർത്തി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ പ്രഖ്യാപിച്ച പത്മഭൂഷൻ പുരസ്‌കാര ജേതാവ് കൂടിയാണ് മിഥുൻ ചക്രവർത്തി. 1976ൽ മൃഗയ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പൂരി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ 350-ഓളം ചിത്രങ്ങളിൽ അദ്ദേഹം തന്റെ അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്.















