വയനാട്: മാനന്തവാടിയിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്. അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറാനും യോഗത്തിൽ തീരുമാനമായി.
കുടുംബം ആവശ്യപ്പെട്ടതില്‍ 50 ലക്ഷത്തില്‍ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിന് ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചത്. എല്ലാ കടങ്ങളും എഴുതി തള്ളാമെന്ന് യോഗത്തിൽ ഉറപ്പ് നൽകിയെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു.
സർവകക്ഷി യോഗത്തിൽ തീരുമാനമായതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ കൊല്ലണമെന്നാണ് നാട്ടുകാർ മുന്നോട്ട് വയ്‌ക്കുന്ന ആവശ്യം.















