ലക്നൗ: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ആചാര്യ പ്രമോദ് കൃഷ്ണം. താൻ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. “രാമന്റെയും രാഷ്‌ട്രത്തിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല” എന്നാണ് അദ്ദേഹം എക്സിൽ രാഹുലിന് മറുപടി നൽകിയത്.
राम और “राष्ट्र”
पर “समझौता” नहीं किया जा सकता. @RahulGandhi— Acharya Pramod (@AcharyaPramodk) February 11, 2024
അച്ചടക്കമില്ലായ്മയും ആവർത്തിച്ചുള്ള പരസ്യ പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് പ്രമോദ് കൃഷ്ണത്തെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയത്. ഉത്തർപ്രദേശിൽ നടക്കുന്ന കൽക്കി ധാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ അദ്ദേഹം ക്ഷണിച്ചിരുന്നു. ദിവസങ്ങൾക്ക് പിന്നാലെയാണ് പുറത്താക്കൽ നടപടി. ഉത്തർപ്രദേശ് ഘടകത്തിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് പാർട്ടിയിൽ നിന്നും പ്രമോദ് കൃഷ്ണത്തെ പുറത്താക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
ഈ മാസം ആദ്യമാണ് ആചാര്യ പ്രമോദ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രിക്ക് നന്ദിയും അദ്ദേഹം അറിയിച്ചിരുന്നു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നിരസിച്ച കോൺഗ്രസ് നേതാക്കളെ പരസ്യമായി വിമർശിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. ഭഗവാൻ ശ്രീരാമൻ ഭാരതത്തിന്റെ ആത്മാവാണെന്നും രാമനില്ലാത്ത ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.















