ഇന്ത്യയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കി ആപ്പിൾ. 2023-14 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനാലിസ് (Canalys) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നാലാം പാദത്തിൽ ഐഫോൺ നിർമ്മാണത്തിൽ 50 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ കമ്പനി മൂന്ന് ദശലക്ഷം ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇതോടെ വിപണി വിഹിതം 7.3 ശതമാനമായി ഉയർന്നു.
ഐഫോണിന്റെ 15 സീരിസാണ് വൻ ഹിറ്റായി വിറ്റഴിഞ്ഞത്. നവംബർ മാസത്തിലെ ദീപാവലി സമയത്താണ് വിൽപന ഉയർന്നത്. സെപ്റ്റംബറിലാണ് 15 സീരിസ് മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചത്. രണ്ട് ദശലക്ഷം ഫോണുകളാണ് ഇതുവരെ നടത്തിയത്. ഓഫറുകളും ആനുകൂല്യങ്ങളും ഉപയോക്താക്കളെ ആകർഷിച്ചതായി റിപ്പോർട്ടിൽ പരമർശിക്കുന്നു. 40,000 രൂപയ്‌ക്ക് മുകളിലുള്ള ഫോണുകളുടെ വിൽപനയിൽ 33 ശതമാനത്തിന്റെ വളർച്ചയാണ് നാലാം പാദത്തിൽ ആപ്പിൾ കൈവരിച്ചത്.
ഇക്കാലയളവിൽ 10,000 രൂപയ്‌ക്കുള്ളിലുള്ള സ്മാർട്ട് ഫോണുകളുടെ വിൽപനയിൽ രണ്ട് ശതമാനത്തിന്റെയും 20,000 രൂപയ്‌ക്കിടയിൽ വിലയുള്ള സ്മാർട്ട് ഫോണുകളുടെ വിൽപനയിൽ 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതായത്, ഇന്ത്യക്കാർക്ക് വിലകൂടിയ സ്മാർട്ട്ഫോണുകളോടുള്ള പ്രിയമേറിയെന്ന് സാരം. എന്നാൽ കുറഞ്ഞ വിലയിൽ 5ജി സേവനങ്ങൾ നൽകുന്ന ഫോണുകൾക്ക് ആവശ്യക്കാർ ഏറുകയും ചെയ്തു. വർഷന്തോറും 65 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഷാവോമി, സാംസംഗ് എന്നീ ബ്രാൻഡുകളാണ് മുൻപിലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഈ വർഷം അഞ്ച് ശതമാനം വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.