രാജ്യത്തെമ്പാടുമുള്ള റോഡുകളും ഹൈവേകളും അടിമുടി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം കാണുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ അഭിനന്ദനാർഹമായ പരിഷ്കാരങ്ങൾ ഗതാഗതമേഖലയിൽ സംഭവിക്കുകയാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന് നിർണ്ണായക പങ്കുവഹിക്കുന്ന മേഖലയാണ് അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി. റോഡുകൾ മെച്ചപ്പെടുമ്പോൾ രാജ്യത്തെ വ്യാവസായിക, കാർഷിക, വിനോദ സഞ്ചാര മേഖലകളിൽ അതിശയിപ്പിക്കുന്ന പുരോഗതിയാണുണ്ടാവുക.
ഇന്ത്യൻ റോഡുകളിലെ നെറ്റ്വർക്ക് സംവിധാനത്തെ പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കാനിരിക്കുന്ന പുതിയ രണ്ട് സംവിധാനങ്ങളാണ് ജിപിഎസ് ടോൾ കളക്ഷനും, വയർലെസ് ഇ.വി ചാർജിംഗ് സ്റ്റേഷനുകളും.
ജിപിഎസ് ടോൾ കളക്ഷൻ
ടോൾ പിരിവ് നടത്തുന്നതിനായി ജിപിഎസ് അടിസ്ഥാനമാക്കിയുള്ള സംവിധാനം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പഴയ ടോൾ പ്ലാസ സംവിധാനത്തെ പൂർണ്ണമായും പരിഷ്കരിക്കാൻ ഇതോടെ സാധിക്കും. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനീഷൻ സിസ്റ്റം (ANPR) ഉപയോഗിച്ച് പൈലറ്റ് പദ്ധതികളും രാജ്യത്ത് നടപ്പിലാക്കി കഴിഞ്ഞു. ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ ടോൾ പിരിവ് നടത്താൻ കഴിയുന്ന രീതിയാണിത്. നീണ്ട ക്യൂ, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. ജിപിഎസ് ഉപകരണങ്ങളുടെ സഹായത്തോടെയും ANPR ക്യാമറകൾ ഉപയോഗിച്ചും ഇത്തരത്തിൽ വാഹനം നിർത്തിയിടാതെ ടോൾ പിരിക്കാൻ സാധിക്കുന്നതാണ്. മാർച്ച് മാസത്തോടെ പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് എത്തിയേക്കും.
വയർലെസ് ഇ.വി ചാർജിംഗ്
ഇലക്ട്രിക് വാഹനങ്ങൾ വയർലെസ് ആയി ചാർജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് Induction-based ചാർജിംഗ് സിസ്റ്റം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പല നഗരങ്ങളിലും ഇതിനോടകം വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതേ സാങ്കേതിക വിദ്യയാണ് ഇന്ത്യയിലും പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്നത്. പല ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കി, വിലയിരുത്തിയതിന് ശേഷമാകും രാജ്യത്തെമ്പാടും വിന്യസിക്കുക.