ന്യൂഡൽഹി: വന്യമൃഗ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിന് കത്തയച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്രം സർക്കാരിനോട് ആവശ്യപ്പെട്ടത്. രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജെബി മേത്തർ നിവേദനം നൽകിയത്.
ജനങ്ങളുടെ സുരക്ഷക്കും ഉപജീവനത്തിനും ഭയാനകമായ തരത്തിലാണ് സംസ്ഥാനത്തെ വന്യമൃഗ ശല്യം. കഴിഞ്ഞ ആഴ്ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങളും സൂചിപ്പിച്ചായിരുന്നു നിവേദനം നൽകിയത്. കാട്ടു പന്നിയുടെ ആക്രമണത്തിൽ പാലക്കാട് സ്ത്രീ മരണപ്പെട്ട സംഭവവും മനുഷ്യവാസ മേഖലയിൽ പുലി ഇറങ്ങിയതുമൊക്കെ എംപി ചൂണ്ടിക്കാണിച്ചു. മനുഷ്യവാസ മേഖലയിൽ വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കണം. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും നിവേദനത്തിൽ പറയുന്നുണ്ട്.















