കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ടിഎംസി നേതാക്കൾ സ്ത്രീകളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം. ബിജെപി മഹിളാ മോർച്ച പ്രവർത്തകർ ഞായറാഴ്ച നഗരത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മഹിളാ മോർച്ച പ്രവർത്തകർ ആദ്യം ആംഹെർസ്റ്റ് സ്ട്രീറ്റിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന്, ശ്യാംപുകൂർ പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ടിഎംസി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആരോപിച്ചാണ് പ്രതിഷേധം.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ നാളുകളായി പ്രദേശത്തെ സ്ത്രീകളെ ഉപദ്രവിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പ്രാദേശിക ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ കുടുംബത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കിയതായും മഹിളാ മോർച്ചയുടെ സമരത്തിൽ അണിനിരന്ന സ്ത്രീകൾ വെളിപ്പെടുത്തി.
സന്ദേശ്ഖാലിയിലെ ഇപ്പോഴത്തെ അവസ്ഥ ഏറ്റവും മോശമാണെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണർ സി.വി. ആനന്ദ ബോസ് ശനിയാഴ്ച പറഞ്ഞിരുന്നു. വിഷയത്തിൽ ഗവർണർ പശ്ചിമ ബംഗാൾ സർക്കാരിനോട്
റിപ്പോർട്ട് തേടിയിട്ടുണ്ട്.